പി പി ചെറിയാൻ
വാഷിംഗ്ടൺ: യു.എസിലേക്ക് കുടിയേറുന്നതിനു ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെ വിവാഹം കഴിച്ചെന്ന ആരോപണത്തിൽ സോമാലിയൻ വംശജയും യു.എസ്. കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറിനെതിരെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുല്ലിൻ സ്ഥിരീകരിച്ചു.
യു.എസിലേക്ക് കുടിയേറുന്നതിനായി ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെ വിവാഹം കഴിച്ചെന്ന ആരോപണത്തിലാണ് ഇത്. ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന് നൽകിയ അഭിമുഖത്തിലാണ് മുല്ലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ” യു.എസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
ഇൽഹാൻ ഒമറുടെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ഫെഡറൽ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതായി കോടതിയിൽ കുറ്റമാരോപിക്കാൻ തെളിവുകൾ ലഭിച്ചാൽ, അമേരിക്കൻ പൗരത്വം റദ്ദാക്കി അവരെ നാടുകടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
എന്നാൽ രാഷ്ട്രീയ പ്രേരിതമായല്ല, മറിച്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്നും മുല്ലിൻ വ്യക്തമാക്കി. തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഇൽഹാൻ ഒമർ മുമ്പും ശക്തമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.








