ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ആറ് മണ്ഡപങ്ങളിലായി നടന്നത് 450 ലേറെ വിവാഹങ്ങള്‍. രാവിലെ നാല് മണി മുതല്‍ ഗുരുവായൂരില്‍ കല്യാണ മേളങ്ങള്‍ ആരംഭിച്ചിരുന്നു. ഗുരുവായൂരിനെ സംബന്ധിച്ച് ഇത് പുതുമയല്ല. ഇത്രത്തോളം വിവാഹങ്ങള്‍ ഗുരുവായൂരില്‍ മുമ്പും നടന്ന ചരിത്രമുണ്ട്. ചിങ്ങമാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയും നാനൂറിലേറെ വിവാഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. വിവാഹത്തിനായി വധൂവരന്മാര്‍ക്ക് 10 മിനിറ്റ് വീതം സമയമാണ് അനുവദിച്ചത്. 24 പേര്‍ക്ക് ഒരുവിവാഹ ചടങ്ങില്‍ പങ്കെടുക്കാം. ഉഷപൂജ, പന്തീരടി പൂജ സമയങ്ങളില്‍ മാത്രം ഇടവേളകളുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 12.15 ഓടെ വിവാഹമെല്ലാം കഴിഞ്ഞു. സെപ്റ്റംബര്‍ 8 ന് നടന്ന 334 വിവാഹങ്ങള്‍ എന്ന മുന്‍ റെക്കോര്‍ഡാണ് ഈ വര്‍ഷം ഓഗസ്റ്റ് 23 ന് മറികടന്നത്. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കി ലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിച്ചിരുന്നു.








