അടിമാലി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. അടിമാലി ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സലിന്റെയും സാന്ദ്രയുടെയും മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കുട്ടികൾ പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് അഫ്‌സൽ പൊലീസിനോട് പറഞ്ഞത്. മൊഴിയിൽ സംശയമുള്ളതിനാൽ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടികൾ എങ്ങനെയാണ് തിന്നർ കുടിച്ചതെന്ന് പൊലീസിന് സംശയമുണ്ട്. ആശുപത്രി അധികൃതർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയാലേ മരണകാരണം വ്യക്തമാകൂ. മൃതദേഹങ്ങൾ ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.








