പയ്യന്നൂര്‍: ക്ഷേത്രങ്ങളില്‍ മാത്രം മോഷണം നടത്തുന്ന അമ്പലക്കള്ളന്‍ പിടിയിലായി. അന്നൂര്‍ പുതിയങ്കാവിലെ വെള്ളോറമഠത്തില്‍ വി.എം.വിപിന്‍കുമാറി(39)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ചിറ്റാരിക്കല്‍ സ്വദേശിയായ ജോത്സ്യന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
തവളക്കുണ്ടിലെ ആലയില്‍ പടിഞ്ഞാറേവീട്ടില്‍ സജിന്‍ മോഹന്‍(36)ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് തൊഴാനെത്തിയപ്പോള്‍ മോഷണം പോയത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്. പരാതിയെ തുടര്‍ന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അതിസമര്‍ത്ഥമായ നീക്കത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളനെ പിടികൂടാനായി.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് പ്രതിയുടെ പതിവ് രീതിയാണെന്ന് പൊലീസ് പറയുന്നു. തൃച്ചംബരംക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. എസ്.ഐ മനോജ്, എ.എസ്.ഐ ഇബ്രാഹിം സീരകത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.








