കാസർകോട് പുതിയ ബസ് സ്റ്റാൻഡ് – നായന്മാർമൂല സർവീസ് റോഡ് വൺവേ ആക്കാൻ തീരുമാനം

കാസർകോട്: ദേശീയപാതയിൽ പുതിയ ബസ്സ്റ്റാൻഡ് മുതൽ നായന്മാർമൂല വരെയുള്ള സർവീസ് റോഡ് പൂർണ്ണമായും വൺവേ ആക്കാൻ കാസർകോട് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.നിലവിൽ ഈ സർവീസ് റോഡിലൂടെ ഇരുഭാഗങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. നഗരത്തിലെ പ്രധാന പാതയായതിനാൽ ഇവിടെ കടുത്ത ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇരുവശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ വരുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി സമിതി വിലയിരുത്തി. തുടർന്നാണ് റോഡ് ഏകദിശ മാത്രമാക്കി മാറ്റാൻ തീരുമാനമെടുത്തത്.ഇതുസംബന്ധിച്ച ശുപാർശ ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. അതോറിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പുതിയ ഗതാഗത ക്രമീകരണം പ്രാബല്യത്തിൽ വരും. നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളും യോഗം ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി സമിതി അംഗങ്ങൾ തിരക്കേറിയ പ്രധാന റോഡുകളിൽ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.നഗരസഭാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയും ചെയർപേഴ്സണുമായ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.എം. ഹനീഫ്, സെക്രട്ടറി ഷാജു, ട്രാഫിക് പോലീസ് ഇൻസ്പെക്ടർ മധു, സുധാകരന്‍, ഡൈസി വി.ഐ, ടോണി മാത്യു, മോട്ടോർ വാഹന വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page