നീലേശ്വരം: ജലാശയങ്ങളെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനു നീലേശ്വരം നഗരസഭ നടപ്പിലാക്കുന്ന ജലാശയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കോട്ടപ്പുറം ബോട്ട് ടെർമിനൽ പരിസരവും പുഴയോരവും ശുചീകരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിചു.ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നാടിന്റെ സമ്പത്തായ ജലാശയങ്ങളെ സംശുദ്ധമായി സംരക്ഷിക്കേണ്ടതു നാടിന്റെയും ഓരോ പൗരന്റെയും കടമയാനിന്നു അദ്ദേഹം ഓർമ്മിപ്പിച്ചു. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണം. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങൾ സംരക്ഷിക്കണ മെന്നാണ് നഗരസഭയുടെ ലക്ഷ്യം. ശുചിത്വ പ്രവർത്തനങ്ങൾ ഒരു ദിവസത്തെ പരിപാടിയായി ഒതുക്കാതെ തുടർച്ചയായ പ്രവർത്തനമായി മുന്നോട്ടുകൊണ്ടുപോകുമെന്നു ചെയർമാൻ പറഞ്ഞു.കോട്ടപ്പുറം ബോട്ട് ടെർമിനലും പരിസര പ്രദേശങ്ങളും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രധാന ഇടമായതിനാൽ ഇവിടം വൃത്തിയായി സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലാശയ സംരക്ഷണത്തിനൊപ്പം മാലിന്യ സംസ്കരണത്തിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ , മണിപ്രസാദ് , ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രൻ, ഷമീന മുഹമ്മദ്, കൗൺസിലർമാരായ ശാന്ത, ഷിജിത, സുനിത, പ്രകാശൻ, മുൻ കൗൺസിലർ റഫീഖ് , വി.കെ. കണ്ണൻ, ബീന വി.വി., ഷിജു കെ., ടിജോ കെ. ജോർജപ്രസംഗിച്ചു. ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







