മൊബൈല്‍ മോഷണ കേസില്‍ പിടിയിലായത് കൃത്യവിലോപത്തിന് പിരിച്ചുവിടല്‍ നടപടി നേരിടുന്ന കുമ്പള സ്റ്റേഷനിലെ പൊലീസുകാരന്‍

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പിടിയിലായത് കൃത്യവിലോപത്തിന് പിരിച്ചുവിടല്‍ നടപടി നേരിടുന്ന കുമ്പള സ്റ്റേഷനിലെ പൊലീസുകാരന്‍.
അന്നൂര്‍ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി.എം വിപിന്‍കുമാര്‍ (40)ആണ് ക്ഷേത്രത്തിലെ മൊബൈലുകള്‍ മോഷ്ടിച്ചകേസില്‍ പിടിയിലായത്. പൊലീസ് സര്‍വീസില്‍ പ്രവേശിച്ച വിപിന്‍കുമാര്‍ കൃത്യമായി ഡ്യൂട്ടി നിര്‍വഹിക്കാറില്ല. ഡ്യൂട്ടിക്ക് വരാതെ മുങ്ങിനടക്കുന്നതിനാല്‍ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ സസ്പെന്‍ഷനിലാണ് വിപിന്‍കുമാര്‍. വ്യാഴാഴ്ച രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ചിറ്റാരിക്കല്‍ സ്വദേശിയായ ജോത്സ്യന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചകേസിലാണ് ഇയാള്‍ പിടിയിലായത്. നേരത്തെ അന്നൂരില്‍ ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് പയ്യന്നൂര്‍ പൊലീസ് എടുത്ത കേസിലും പ്രതിയാണ് ഇയാള്‍.
അടുത്തിടെ എസ്.എസ്.എല്‍.സി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ഇയാള്‍ അവിടെ വെച്ച് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരുടെ സ്വര്‍ണവും തട്ടിയെടുത്ത പരാതിയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ 31 ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ്. അതിന് ശേഷം ക്ഷേത്രത്തിലെത്തിയ ഒരു ഭക്തന്റെ മൊബൈലും മോഷ്ടിച്ചിരുന്നു.
തൃച്ചംബരം ക്ഷേത്രത്തിലും, രാജരാജേശ്വര ക്ഷേത്രത്തിലും നടന്ന മൊബൈല്‍ മോഷണം സിസിടിവിയില്‍ പതിഞ്ഞിരുന്നു. അതില്‍ നിന്നാണ് വിപിന്‍കുമാറെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി സുമേഷിന്റെ നിര്‍ദേശത്തില്‍ സി.ഐ ശ്രീഹരി, എസ്.ഐമാരായ സാംസണ്‍, ഗോപിനാഥന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. മൂന്ന് മൊബൈല്‍ ഫോണും 6000രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കാഞ്ഞിരങ്ങാട്, പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും ഇയാള്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page