ന്യൂഡല്‍ഹി: വന്ധ്യതയ്ക്ക് ചികിത്സ തേടിയ 26കാരന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം കണ്ടെത്തി. ഡല്‍ഹിയിലെ ആര്‍.ജി ഹോസ്പിറ്റല്‍സിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പെര്‍സിസ്റ്റന്റ് മ്യൂളേറിയന്‍ ഡക്റ്റ് സിന്‍ഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം. പുരുഷന്മാരില്‍ അപൂര്‍വമായി കാണുന്ന രോഗമാണിത്. ലോകത്ത് ഇതുവരെ 300ല്‍ താഴെ ആളുകളില്‍ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്.
വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷമായിട്ടും കുട്ടികളില്ലാത്തിനെ തുടര്‍ന്ന് ചികില്‍സക്കെത്തിയതായിരുന്നു യുവാവ്. യുവാവിന്റെ ബീജത്തില്‍ ബീജകോശങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടു വൃഷണങ്ങളും താഴേയ്ക്ക് ഇറങ്ങിവരാത്ത നിലയിലായിരുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനയും സ്‌കാനിങും നിര്‍ദേശിച്ചത്. തുടര്‍ന്ന് നടന്ന
പരിശോധനയിലാണ് വയറിനുള്ളില്‍ വളര്‍ച്ചയെത്താത്ത ചെറിയ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകള്‍ക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്. ഗര്‍ഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. യുവാവിന്റെ ശരീരത്തില്‍ അസാധാരണമായി കണ്ടെത്തിയ പ്രത്യുല്‍പ്പാദന അവയവങ്ങളും കേടുപാടുകള്‍ സംഭവിച്ച വൃക്ഷണങ്ങളും നീക്കം ചെയ്തു.
ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാല്‍ കാന്‍സറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.








