തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പിന്‍വലിച്ചു. അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത പറയുന്നു. ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്തിന് സമീപമാണ് നേരത്തെ ന്യൂനമര്‍ദം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഏറ്റവും വടക്കുഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ആന്ധ്രാപ്രദേശ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങുന്നുണ്ടെങ്കിലും കേരളത്തിന് ഗുണം ചെയ്യില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കുന്നു. അറബിക്കടലില്‍ രൂപപ്പെട്ട പ്രതിചക്രവാതവും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. കനത്ത ചൂടിനും ഉഷ്ണതരംഗത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സൂര്യാഘാതം, സൂര്യാതപം, കടുത്ത നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇന്ന് പുനലൂരിലും പാലക്കാട് ജില്ലയിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.








