ബുക്കാവ്: കോംഗോയില്‍ സ്‌കൂളുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം. കോംഗോ നഗരമായ ബുക്കാവിലാണ് സംഭവം. 19 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പടെയാണ് അപകടത്തില്‍ മരിച്ചത്. നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ചികിത്സയിലുള്ള പതിനേഴ് പേരുടെ പരിക്ക് ഗുരുതരമാണ്. ഒരു വീട്ടില്‍ നിന്ന് തീപടര്‍ന്ന് അടുത്തടുത്തായുണ്ടായിരുന്ന രണ്ട് സ്‌കൂളുകളിലേക്ക് തീ ആളിപ്പടര്‍ന്നായിരുന്നു അപകടം.
ഉജാമ്മ പ്രൈമറി സ്‌കൂള്‍, ഫുരാഹ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമെന്നാണ് വിവരം. സ്‌കൂളുകള്‍ക്ക് പുറമെ സമീപത്തെ 300 ഓളം മര വീടുകള്‍ക്കും തീപിടിച്ചെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. പരിഭ്രാന്തരായ
ചില കുട്ടികള്‍ സ്‌കൂളുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയതായും, മറ്റുള്ളവര്‍ ജനാലകളിലൂടെയോ, ഇടുങ്ങിയ വഴികളിലൂടെയോ രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു. തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ സ്ഥലത്തു നിന്ന് പുക ഉയരുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.








