‘വീണ സമ്മതിച്ചുവെന്നത് പച്ചക്കള്ളം; മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’; ഇ ഡി അന്വേഷണ വാര്‍ത്ത തളളി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തള്ളി മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും ഇത്തരം കാര്യങ്ങള്‍ ഇഡിക്ക് മുന്നില്‍ വീണ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
സി.എം.ആര്‍.എല്ലില്‍ നിന്ന് ടി. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ പണം ദുബായിലേക്ക് കടത്തിയെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇ.ഡി. റിപ്പോര്‍ട്ടില്‍ മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് വ്യക്തമാക്കിയതായും വാര്‍ത്ത വന്നിരുന്നു. പിണറായി വിജയന്‍, ടി. വീണ എന്നിവര്‍ക്കൊപ്പം മുഹമ്മദ് റിയാസിന്റെ പേരിലും കേസെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റിയാസ് നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്.
ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.
ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.
നിയമപരമായി പോരാടും’- പിഎ മുഹമ്മദ് റിയാസ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page