കുമ്പളയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ കാട് സ്ഥിരതാമസം തുടങ്ങി

കാസര്‍കോട്: സ്വന്തമായി വീടില്ലാത്തവര്‍ക്കു വീടു നിര്‍മ്മിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (പി എം എ വൈ) പദ്ധതിയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയവരുടെ ഫൗണ്ടേഷനുള്ളില്‍ കാടു സ്ഥിരതാമസമുറപ്പിച്ചു.
പദ്ധതി നടപ്പാക്കേണ്ട ജീവനക്കാരുടെ അലംഭാവമാണ് മഹത്തായൊരു പദ്ധതിയെ ഇത്തരത്തിലെത്തിച്ചതെന്ന് ആക്ഷേപമുണ്ട്.
കുമ്പളയില്‍ പി എം എ വൈ പദ്ധതിയില്‍ അനുവദിച്ച വീടിനു ഒന്നാം ഘട്ടമായ ഫൗണ്ടേഷന്‍ സ്ഥാപിച്ച് മൂന്നു വര്‍ഷത്തോളമായിട്ടും ആദ്യ ഗഡു സഹായത്തുക ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനെത്തുടര്‍ന്നു കടം വാങ്ങിയും ലോണെടുത്തും അടിത്തറ നിര്‍മ്മിച്ച സ്ഥലം അപേക്ഷകര്‍ ഉപേക്ഷിച്ചു. ഫൗണ്ടേഷനുള്ളില്‍ കാടുവളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

പദ്ധതിയില്‍ അനുവദിച്ച വീടുകള്‍ക്കു നാലു ഘട്ടമായാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. വീടിന്റെ അടിത്തറ പൂര്‍ത്തിയാമ്പോള്‍ ആദ്യ ഗഡു നല്‍കണം. വീടിന്റെ ഭിത്തി ജനല്‍ ലവലിലെത്തുമ്പോള്‍ രണ്ടാമത്തെ ഗഡു ധനസഹായം നല്‍കുമെന്നും മേല്‍ക്കൂര കഴിയുമ്പോള്‍ മൂന്നാം ഗഡു നല്‍കുമെന്നും വീടിന്റെ ഫിനിഷിംഗ് പണികള്‍ക്കു ശേഷം നാലാം ഗഡു ധനസഹായം നല്‍കുമെന്നുമാണ് വ്യവസ്ഥ.
കുമ്പളയില്‍ ഈ പദ്ധതിയനുസരിച്ചു ഭവന നിര്‍മ്മാണത്തിനപേക്ഷിച്ചവര്‍ക്കു മൂന്നു വര്‍ഷമായിട്ടും ഫണ്ട് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ആറുമാസം കഴിഞ്ഞിട്ടും ഫണ്ടു ലഭിക്കാത്ത നിരവധി പേരുണ്ടെന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി പൂജാരി ആരോപിച്ചു. പദ്ധതിക്കു 1,20,000 രൂപയാണ് കേന്ദ്രസഹായ വിഹിതം. സ്ത്രീകള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുമെന്നുപ്രതീക്ഷിച്ചു പദ്ധതിയില്‍ ചേര്‍ന്നവര്‍ വര്‍ഷങ്ങളായിട്ടും സഹായം ലഭിക്കാതെയും വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെയും കടക്കെണിയിലായിരിക്കുകയാണെന്നും പദ്ധതി നടത്തിപ്പു ചുമതലക്കാരായ ജീവനക്കാരുടെ അലംഭാവമാണ് ഇത്തരമൊരവസ്ഥയ്ക്കിടയാക്കിയിട്ടുള്ളതെന്നും രവി പൂജാരി ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page