അഹമ്മദാബാദ്: അതിവേഗത്തിലെത്തിയ വാഹനം ബൈക്കിലിടിച്ച് 22-കാരി മരിച്ച സംഭവം ക്രൂരമായ ‘ദുരഭിമാനക്കൊല’യെന്ന് പൊലീസ്. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച പിതാവും സഹോദരനും അറസ്റ്റില്‍. 22 കാരിയായ സോഫിയയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 12 നാണ് കൊല നടന്നത്. യുവാവിനൊപ്പമുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി റിസപ്ഷനിസ്റ്റായ സോഫിയയെ
അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. തുടര്‍ന്ന് റോഡപകടമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സോഫിയയെ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൃതദേഹം റോഡിലേക്ക് തളളിയിടുകയും ചെയ്തു.
ഹാബില്‍ തന്റെ ബൈക്കിന് കേടുവരുത്തി അപകടം സംഭവിച്ചെന്ന് തോന്നിപ്പിക്കുന്ന ഒരു രംഗമൊരുക്കി.
പിന്നീട് ഗെല്‍ജിപുര ജങ്ഷന് സമീപം വച്ച് ഒരു വാഹനം തങ്ങളുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നും അപകടത്തില്‍ സഹോദരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും, തനിക്ക് നിസ്സാര പരിക്കുകളേറ്റെന്നും പ്രചരിപ്പിച്ചു. സ്ഥലത്തെത്തിയവര്‍ ചേര്‍ന്ന് സോഫിയയെ സോള സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് മാസം മുമ്പ് സോഫിയ ഉള്‍പ്പെട്ട ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പിതാവിനും സഹോദനും അമര്‍ഷമുണ്ടായിരുന്നു. ആളുകള്‍ക്കിടയില്‍ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് ഇരുവരും ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്താനായി ഹാബില്‍ ഇരുമ്പ് ചുറ്റിക വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പിതാവും മകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത ശേഷം റോഡപകടമാക്കി വരുത്തിയെന്നാണ് പൊലീസ് നിഗമനം








