കാസര്‍കോട്: കാലിക്കടവ് ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുന്നതിനിടയില്‍ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരു വിദേശ പൗരന്‍ കൂടി അറസ്റ്റില്‍. ഐവറി കോസ്റ്റ് സ്വദേശിയായ ജിൻ പെരെ സെറിയയെ ആണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പി. നിധിന്‍ രാജിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തര്‍ പ്രദേശില്‍ വച്ച് അതിസാഹസികമായി പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് (ബുധന്‍) വൈകുന്നേരം നാലു മണിക്ക് ചന്തേര പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പൊലീസ് മേധാവി വെളിപ്പെടുത്തും.
കോളിളക്കൾക്ക് ഇ ടയാക്കിയ കേസില്‍ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ട് പേര്‍ അന്താരാഷ്ട്ര ബന്ധം ഉള്ളവരാണ്. ഇവരുമായി അടുത്ത ബന്ധമുള്ള അമ്പലത്തറ, ബേളൂര്‍, സ്വദേശി കെ. മുഹമ്മജ് സാബിറി (33) നെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. തുടരന്വേഷണത്തില്‍ ഘാന സ്വദേശി വിക്ടര്‍ ദസാബ (37), അഹമ്മദാബാദ് ലാംബ സ്വദേശിനി റിയാഖാന്‍ എന്ന ബാത്തി ഷേഖ് (21) എന്നിവരും പിടിയിലായി. ഇവരില്‍ നിന്നാണ് ഐവറി കോസ്റ്റ് സ്വദേശിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന.







