കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിനതടവും 62,000 രൂപ പിഴയും. കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശിയായ പി എ സലി (36)മിനെയാണ് ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും രണ്ടു മാസവും അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പ് പ്രകാരമാണ് തടവിന് വിധിച്ചത്.
2022 ജൂൺ 2-നാണ് സംഭവം നടന്നത്. മേല്പറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച്, സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് 14 വയസ്സുള്ള പെൺകുട്ടിയെ പ്രതി സ്വന്തം മോട്ടോർസൈക്കിളിൽ കയറ്റുകയായിരുന്നു. പിന്നീട് സ്കൂളിൽ വിടാതെ, കുരങ്ങനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ആദൂർ ഭാഗത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മേല്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ കെ. ദാമോദരനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേല്പറമ്പ് സി.ഐയും നിലവിൽ ഡിവൈ.എസ്.പിയുമായ ടി. ഉത്തംദാസ് ആണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരനും എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിയിൽ എ.എസ്.ഐമാരായ ശോഭന, ഗീത എന്നിവരും ഹാജരായി.







