സംവിധായകൻ ആർ. ശരത് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകൻ ആർ. ശരത് അന്തരിച്ചു. 63വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളുടെ സംവിധായകനാണ്. അദ്ദേഹത്തിന്റെ ‘സായാഹ്നം’ എന്ന ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് സിനിമാ ജീവിതത്തിന് ശരത് തുടക്കം കുറിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, മികച്ച മലയാള ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രം, മികച്ച കഥ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ തേടിയെത്തിയിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page