മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആണിന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. അഞ്ചു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം.
സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. രണ്ട് ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് ഈ ജന്മദിനത്തിൽ മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന തമിഴ്ചിത്രം, നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണവ. കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. പി.ഐ. മുഹമ്മദ് കുട്ടി എന്നാണ് യഥാർഥ പേര്. ഇതുവരെ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1971-ലാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഹമ്മദ് കുട്ടി വെള്ളിത്തിരയിലെത്തുന്നത്.1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ് മുഴുനീള കഥാപാത്രമായി അഭിനയിച്ചത്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാളവും ഇന്ത്യൻ സിനിമയും സ്വന്തമാക്കി.1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. മികച്ച നടൻ- മികച്ച രണ്ടാമത്തെ നടൻ- പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവയ്ക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരളാ സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അർഹനായി.








