കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാഞ്ഞങ്ങാട്, ബല്ല കടപ്പുറത്തെ കുച്ചന്നാത്ത് ഹൗസില്‍ കെഎസ് മുഹമ്മദ് താഹിറിന്റെ പരാതി പ്രകാരം 30ല്‍പ്പരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൂച്ചക്കാട് സ്വദേശികളായ ബാസിത്ത്, അബ്ദുല്‍റഹ്‌മാന്‍, മനാസിര്‍, ഷമ്മാസ്, ഷംലാഹാന്‍, അജ്മല്‍, സഫ് വാന്‍, ഖലീല്‍, ഷഹനാസ്, ഷാക്കിര്‍, താജുദ്ദീന്‍, മുബി, നിഹാല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം, പരാതിക്കാരനും സുഹൃത്തും സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി സോഡാ കുപ്പി കൊണ്ട് എറിഞ്ഞ് ചില്ലു തകര്‍ക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് പരാതിക്കാരനെ കാറിന് പുറത്തേക്ക് പിടിച്ചു വലിച്ചിറക്കി മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
അതേ സമയം പൂച്ചക്കാട്, പുത്തൂര്‍ ഹൗസിലെ പികെ അബ്ദുല്‍ ഷബീബ്, അഹമ്മദ് മുബാറക്, അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ അക്രമിച്ചതിന് മൂന്നു പേര്‍ക്കെതിരെയും ബേക്കല്‍ പൊലീസ് കേസെടുത്തു. മുബാറക്, താഹിര്‍ അഹമ്മദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ പൂച്ചക്കാട്ടെ ഒരു ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരിക്കെ പരാതിക്കാരനെ ഒന്നാം പ്രതി ഇരുമ്പ് ചെയിന്‍ കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പറയുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പരാതിക്കാരന്റെ സുഹൃത്തുക്കള്‍ക്ക് നേരെ അക്രമം ഉണ്ടായത്.
അബ്ദുല്‍ റഹ്‌മാനു ബല്ലാ കടപ്പുറത്ത് വച്ച് അടിയേറ്റ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയ വിരോധത്തിലാണ് അക്രമിച്ചതെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







