ദുബായ്: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായി. മലയാളം കന്നട സിനിമകളിലും പാടിയിട്ടുണ്ട്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. ശനിയാഴ്ച വൈകുന്നേരം ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും, ദുബൈയിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ ദുബായിൽ പുരോഗമിക്കുകയാണ്.
നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി. ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദസാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്. ബഹ്റൈനിൽ ഉദിത്ത് നാരായാണനോടൊപ്പം പാട്ടുപാടി ആരാധകരെ ആകർഷിച്ചിട്ടുണ്ട്.
ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ








