ബംഗളൂരു: നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നാല്‍പതുകാരിയായ മാതാവ് അറസ്റ്റില്‍. വജ്രഹള്ളിയിലെ ഉമാദേവിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 2002-ലാണ് ഉമാ ദേവി രാമലിംഗപ്പയെ വിവാഹം കഴിച്ചത്. കുട്ടികള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പിന്നീട് അവര്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരായി. ഉമാ ദേവി 2026 മെയ് 5-നാണ് ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
പ്രസവത്തിനു ശേഷം ഒന്നര മാസത്തോളം കഴിഞ്ഞപ്പോള്‍ ഉമാ ദേവിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. കുട്ടികളെ നോക്കുന്നതില്‍ താല്‍പ്പര്യക്കുറവ് കാണിച്ചു. കുട്ടികളെ ഒരു ആശ്രമത്തിലാക്കണമെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഭര്‍ത്താവ് രാമലിംഗപ്പയുടെ പരാതിയിലുണ്ട്.
രാഘവേന്ദ്ര ആശുപത്രിയിലും നിംഹാന്‍സിലും ഉമാദേവിക്ക് മാനസിക ചികിത്സ നല്‍കിയിരുന്നു
പ്രസവാനന്തര വിഷാദരോഗവുമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായും ബന്ധപ്പെട്ടാണ് അവരുടെ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ രാമലിംഗപ്പ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉമാ ദേവി ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കുന്നതായി കണ്ടു. വാതില്‍ തുറന്നപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുക്കി അവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉമാ ദേവിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇരട്ടക്കുട്ടികളെ അതേ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉമാ ദേവി രണ്ട് കുട്ടികളെയും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി രാമലിംഗപ്പയുടെ പരാതിയില്‍ പറയുന്നു. കൊലയ്ക്ക് കേസെടുത്ത തലഘട്ടപുര പൊലീസ് സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.








