കാസർകോട്: മംഗളൂരു-ഷൊർണൂർ ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന്,നാല് റെയിൽ പാത നിർമ്മിക്കാനുള്ള നടപടികൾക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം വേഗത വർധിപ്പിച്ചു.
സംസ്ഥാനത്തെ മൂന്ന്,നാല് റെയിൽപാതകൾക്കുള്ള വിശദ പദ്ധതി രേഖ( ഡി പി ആർ ) വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തുന്നത്. ആറുമാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ശ്രമം. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിക്കാണ് ഡിപിആർ തയ്യാറാക്കാനുള്ള കരാർ നൽകിയിട്ടുള്ളത്.800 കിലോമീറ്ററിലധികമുള്ള മൂന്നും,നാലും പാതകൾ നിർമ്മിക്കുന്നതിനായുള്ള ഡിപി ആര്‍ – സർവ്വേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നേരത്തെ തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലെ എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു.
മംഗളൂരു-ഷോർണൂർ, ഷോർണൂർ- എറണാകുളം, എറണാകുളം- കായംകുളം, കായംകുളം- തിരുവനന്തപുരം എന്നീ മേഖലകളിലാണ് ഇതിനകം സർവ്വേ പൂർത്തീകരിച്ചത്. നേരത്തെ രണ്ടും,മൂന്നും പാതകളായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലിരുന്നത്.നാലാം പാത കൂടി വേണമെന്ന ആവശ്യം വന്നതോടെ ഇതിന്റെ ആകാശ സർവേ നടത്തി നാലാം പാതയ്ക്ക് വഴിയൊരുക്കുക യായിരുന്നു.
നിലവിലുള്ള പാതകൾക്ക് വളവും, തിരിവും ഏറെ ഉള്ളതിനാൽ ട്രെയിനുകളുടെ ശരാശരി വേഗം 50 മുതൽ 55 വരെ നിയന്ത്രിച്ചാണ് ഇപ്പോൾ ഓടുന്നത്.ഈ പോരായ്മകൾ പരിഹരിച്ചാവും പുതിയ നിർമ്മാണം.
സ്ഥലം വിട്ടു കിട്ടിയാൽ അഞ്ചുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെ ന്നാണ് ദക്ഷിണ റെയിൽവേയുടെ കണക്കുകൂട്ടൽ.നാല് പാതയ്ക്കുള്ള സ്ഥലം ഒരുമിച്ചായിരിക്കും എടുക്കുക.സ്ഥലം ഏറ്റെടുക്കുന്നതിനായി റെയിൽവേ മന്ത്രാലയം 1.976 കോടി രൂപ ഇതിനകം സംസ്ഥാന സർക്കാറിന് കൈമാറിയതായി റെയിൽവേ മന്ത്രാലയം പറയുന്നുമുണ്ട്.പുതിയ പാതകൾ വരുന്നതോടെ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനാവുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.







