ബേക്കലില്‍ മദ്രസാ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയതല്ല; സംഭവത്തില്‍ വഴിത്തിരിവ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ 12 കാരിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ വന്‍ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും മദ്രസ അധ്യാപകനെ ഭയന്ന് ട്രെയിന്‍ കയറിപ്പോയതാണെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.ഇതോടെയാണ് പൊലീസിനും ബന്ധുക്കൾക്കും ശ്വാസം വീണത്.
ഇന്ന് (ശനി) രാവിലെയോടെയാണ് നാടകീയ സംഭവത്തിന്റെ തുടക്കം. 6.45 മണിയോടെ പതിവുപോലെ മദ്രസയിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ മദ്രസയില്‍ എത്തിയില്ല. വിദ്യാർത്ഥിനി മദ്രസയിൽ എത്താത്ത കാര്യം അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പൊലീസ് സ്റ്റേനിലെത്തി പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി.പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ മംഗ്‌ളൂരുവില്‍ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാരാണ് പാണ്ഡേശ്വരം പൊലീസില്‍ ഏല്‍പ്പിച്ചത്. മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന തന്നെ കറുത്ത നിറത്തിലുള്ള കാറില്‍ എത്തിയ രണ്ട് പേര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പാണ്ഡേശ്വരം പൊലീസ് ഇക്കാര്യം ബേക്കല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസും ബന്ധുക്കളും മംഗ്‌ളൂരുവിലെത്തി പെൺകുട്ടിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പിന്നീട് പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകമാണെന്ന് വ്യക്തമായത്.
മദ്രസ അധ്യാപകന്‍ പഠിച്ചു പോകാന്‍ പറഞ്ഞ പാഠഭാഗം പെണ്‍കുട്ടി പഠിച്ചിരുന്നില്ല. ഇത് കാരണമാണ് മദ്രസയില്‍ പോകാതെ കോട്ടിക്കുളത്ത് നിന്ന് ട്രെയിന്‍ കയറി മംഗ്‌ളൂരുവില്‍ എത്തിയതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കുന്നതിനാണ് തട്ടിക്കൊണ്ടു പോയതെന്നു ആദ്യം പറഞ്ഞതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page