തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം കൊലപാതകവുമല്ല, സമാധിയുമല്ലെന്ന് പൊലീസ്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു.
മരിച്ച ശേഷമാണ് ഗോപന്റെ മൃതദേഹമെടുത്ത് മക്കള്‍ സമാധിയിരുത്തിയതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്യാറ്റിന്‍കര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. 2025 ജനുവരി ഒന്‍പതിനായിരുന്നു ഗോപനെ സമാധിയിരുത്തിയത്. ഗോപന്‍ സ്വാമി എന്നറിയപ്പെട്ടിരുന്ന ആറാലുംമൂട് സ്വദേശി മണിയനെ ഭാര്യയും മക്കളും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കിയാണ് സമാധിയിരുത്തിയത്. മരണ വിവരം നാട്ടുകാരെ അറിയിച്ചില്ല. അച്ഛന്‍ സമാധിയായെന്ന് കാണിച്ച് മക്കള്‍ വീടിന് സമീപം പോസ്റ്റര്‍ പതിപ്പിക്കുകയാണ് ചെയ്തത്. ഇത് പ്രദേശവാസികളില്‍ സംശയത്തിനിടയാക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. കൊലപാതകമെന്ന് ഉള്‍പ്പടെ ദുരൂഹതയേറിയതോടെ കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീണ്ടും അവിടെ തന്നെ ‘സമാധിയിരുത്തി’. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഇതിന് ശേഷം ഗോപന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.








