ഉപ്പള, മൊഗ്രാല്‍, ചന്ദ്രഗിരി പുഴകളില്‍ നിന്ന് മണല്‍ വാരല്‍: നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍

കാസര്‍കോട്: സംസ്ഥാനത്തെ 17 നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. മണല്‍ ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി ടണ്‍ മണല്‍ നദികളില്‍ നിന്ന് ഡിസംബറോടെ വാരാനുള്ള നടപടികളാണുണ്ടാവുക. ജില്ലയില്‍ ഉപ്പള, മൊഗ്രാല്‍, ചന്ദ്രഗിരി പുഴകളില്‍ നിന്നാണ് മണല്‍വാരാന്‍ അനുമതി ലഭിക്കുക. ഇതോടെ ജില്ലയിലെ അനധികൃത മണല്‍ കടത്തിന് മൂക്കുകയറിടാനാവുമെന്ന് പൊലീസും, ജിയോളജി വകുപ്പും വിലയിരുത്തുന്നു.
പുഴകളില്‍ അമിതമായി മണല്‍ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും, നദി തടത്തില്‍ ആഴം കുറക്കുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്. ഇത് മഴക്കാലത്ത് പുഴ ഗതിമാറി ഒഴുകുന്നതിനും പ്രളയത്തിന് സമാനമായ വെള്ളപ്പൊക്കത്തിനും കാരണമാവുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനു മണല്‍ വാരല്‍ അനിവാര്യമാണെന്ന് റവന്യൂ വകുപ്പ് നടത്തിയ സാന്‍ഡ് ഓഡിറ്റില്‍ കണ്ടെത്തുകയും സര്‍ക്കാര്‍ അത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. ഇനി സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അന്തിമ തീരുമാനമായാല്‍ മണല്‍ വാരലിന് ചുമതല നല്‍കുക അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയായിരിക്കും. ജില്ലയിലെ ഉപ്പള പുഴ മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെ അധികാരത്തിലായിരിക്കും. മൊഗ്രാല്‍ പുഴ കുമ്പള ഗ്രാമപഞ്ചായത്തിനും ചന്ദ്രഗിരി പുഴ ചെമ്മനാട് ഗ്രാമ പഞ്ചായത്തിനും ലഭിക്കും. ഇത് പഞ്ചായത്തുകള്‍ക്ക് നല്ലൊരു വരുമാനവുമാവും.
സംസ്ഥാനത്ത് ശ്രീകണ്ഠാപുരം പുഴ, പെരുമ്പ പുഴ, വളപട്ടണം,ചാലിയാര്‍, ഭാരതപ്പുഴ,പെരിയാര്‍, മൂവാറ്റുപുഴയാറ്, പമ്പ, അച്ചന്‍കോവില്‍ തുടങ്ങിയ നദികളില്‍ നിന്നാണ് മണല്‍വാരാന്‍ നടപടികള്‍ക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുള്ളത്. തിരുവനന്തപുരം, ആലപ്പുഴ,വയനാട്,എന്നീ ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയിലില്ലാത്ത അഞ്ച് നദികളുടെ ഓഡിറ്റ് നടന്നു വരുന്നുണ്ട്.അത് കഴിഞ്ഞാല്‍ ഈ നദികളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. മൊത്തം 17 നദികളില്‍ നിന്നായി 1.7 കോടി ടണ്‍ മണലാണ് വാരിയെടുക്കുക.
കാസര്‍കോട് ജില്ലയില്‍ കടവുകളില്‍ നിന്നും, തീരപ്രദേശങ്ങളില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നത് അധികൃതര്‍ക്കു വലിയ തലവേദനയായിരുന്നു. പോലീസ് ഇടപെട്ടില്ലെങ്കില്‍ മണല്‍ കടത്തിന് പൊലീസും കൂട്ട് എന്നു ആക്ഷേപം ഉയരുന്നതും പതിവായിരുന്നു. അതുകൊണ്ടാണ് ഇടയ്ക്കിടയ്‌ക്കെങ്കിലും പൊലീസ് അനധികൃത മണലെടുപ്പിനെതിരെ നടപടി കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും പൊലീസ് വിവിധ കടവുകളില്‍ പരിശോധന നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page