തലശേരി: ആൾക്കൂട്ടത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 3,70,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിക്കോട്ടക്കരി രാജീവ്ഗാന്ധി ഉന്നതിയില്‍ താമസക്കാരനായ മുനീര്‍ എന്ന കിച്ചുവിനെയാണ് (36) ജില്ലാ അഡീഷണൽ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
2024 ആഗസ്ത് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുനീര്‍ രാജീവ്ഗാന്ധി ഉന്നതിയിലെ യുവതിയെ വിവാഹം കഴിച്ച് അവിടെ താമസിച്ചുവരികയായിരുന്നു. ആഗസ്ത് മാസത്തില്‍ ഓണപ്പരീക്ഷ നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചെത്തി ബഹളംവെക്കുന്നത് അയല്‍വാസികള്‍ക്ക് തലവേദനയായി മാറി. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കുട്ടികളുള്‍പ്പെടെ ഓണപ്പരീക്ഷക്ക് തയ്യാറെടുക്കുന്ന വേളയില്‍ ബഹളംവെക്കുന്നത് അസഹനീയമായതോടെ പ്രദേശവാസികള്‍ ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ മുനീര്‍ കന്നാസില്‍ കരുതിയിരുന്ന ആസിഡ് പ്രദേശവാസികള്‍ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. സുഭാഷ് (36), ഭാര്യ ജാനു (35), മകള്‍ ആര്യ (അഞ്ച്), ശോഭ (45), വിജേഷ് (12), ശിവകുമാര്‍ (22), സോമന്‍ (70) എന്നിവര്‍ക്ക് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുഭാഷിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു.
അന്നത്തെ കരിക്കോട്ടക്കരി സി.ഐ: കെ.ജെ. വിനോയ്, എസ്.ഐമാരായ സുരേഷ്, ബി.പ്രശാന്ത് എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബി.എന്‍.എസ് 124 (ഒന്ന്) പ്രകാരം ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ബി.എന്‍.എസ് 124 (രണ്ട്) പ്രകാരം അഞ്ച് വര്‍ഷം തടവും അര ലക്ഷം രൂപയും പിഴയും ജുവൈനല്‍ ജസ്റ്റിസ് ആക്ട്പ്രകാരം ആറുമാസം തടവും 20,000 രൂപ പിഴയും എന്നിങ്ങനെയും ശിക്ഷ വിധിച്ചു. പിഴയടച്ചാല്‍ അതില്‍ നിന്നു രണ്ട് ലക്ഷം രൂപ സുഭാഷിനും ബാക്കി തുക അക്രമത്തിനിരയായ മറ്റുള്ളവര്‍ക്കു നല്‍കണമെന്നും കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.







