കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമമുണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. മാനാഞ്ചിറയിൽ ബസ് എത്തിയപ്പോൾ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കൈവച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി പ്രതികരിക്കുകയും ബസിൽ ബഹളം വക്കുകയും ചെയ്തു. വലിയ ഒച്ചപ്പാട് നടന്നതോടെ ബസ് നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അപ്പോൾ തന്നെ പ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








