കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ എസ് എഫ് ഐ നേതാവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സി പി എം പുറത്താക്കി. കെ. നവനീതിനെയാണ് പുറത്താക്കിയത്. പരാതിക്കാരിക്ക് നിയമസഹായം നല്‍കുമെന്നും സി പി എം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിപ്പില്‍ വ്യക്തമാക്കി. പൈസക്കരി ദേവമാതാ കോളേജിലെ യു യു സിയാണ് നവനീത്. ആഗസ്റ്റ് 20ന് ആണ് കേസിനാസ്പദമായ സംഭവം. വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കുകയായിരുന്നു യുവതി. ഇതിനിടയില്‍ ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ കണ്ട യുവതി ബഹളം വയ്ക്കുകയായിരുന്നു. ഇതു കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ നവനീതിനെ തടഞ്ഞു വച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ കുളിദൃശ്യങ്ങളും നേരത്തെ യുവതിയുടെ വീടിനു സമീപത്തു നിന്നു പകര്‍ത്തിയ മറ്റു ദൃശ്യങ്ങളും കണ്ടെത്തി. ദൃശ്യങ്ങളെല്ലാം അപ്പോള്‍ തന്നെ നീക്കം ചെയ്യിച്ച ശേഷമാണ് ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയത്. ഫോണില്‍ നിന്നു പരാതിക്കിടയാക്കിയ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതിയായ നവനീതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധിയ്ക്കയച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.








