പി. പി. ചെറിയാൻ
വാഷിംഗ്‌ടൺ ഡി. സി : വെനസ്വേലയിലെ വൻകിട എണ്ണ സ്രോതസ്സുകളുടെ ഭൂരിപക്ഷ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അമേരിക്ക നിർണ്ണായക കരാറിൽ ഒപ്പുവെച്ചതായി ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച അറിയിച്ചു. 65 ബില്യൺ ബാരലിലധികം വരുന്ന വെനസ്വേലൻ എണ്ണശേഖരത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു..
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ വെനീസ്വേല സർക്കാരുമായി ചർച്ചകൾ നടത്തി കരാർ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ട്രംപ് പറഞ്ഞു.
കഴിഞ്ഞ വർഷം അമേരിക്ക ആരംഭിച്ച സൈനിക നടപടികൾക്കൊടുവിൽ വെനീസ്വേലൻ മുൻ നേതാവ് നിക്കോളാസ് മദുറോ പിടിയിലായതിനെത്തുടർന്ന്, രാജ്യത്തെ എണ്ണ സ്രോതസ്സുകളുടെ നിയന്ത്രണം ഉറപ്പാക്കുകയാണ് യു.എസിന്റെ പ്രധാന മുൻഗണനയെന്ന് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത കേന്ദ്രങ്ങള് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 65 ബില്യൺ ബാരലിലധികം വരുന്ന എണ്ണശേഖരത്തിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുന്നതായി ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.








