കാസര്‍കോട്: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 80 വയസുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം എടയത്തൂര്‍ സ്വദേശി ഷംസാദ് ആണ് അറസ്റ്റിലായത്. നീലേശ്വരം സ്വദേശിയാണ് പരാതിക്കാരനായ ഡോക്ടര്‍. 2025 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കാലയളവിലാണ് യുവാവും സംഘവും ഡോക്ടറില്‍ നിന്ന് പണം തട്ടിയെടുത്തത്. ഡോക്ടറെ ഫോണിലൂടെയും വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട ശേഷം പ്രതികള്‍ തങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഭീഷണി ആരംഭിക്കുകയായിരുന്നു. മണി ലോണ്ടറിങ് കേസില്‍ ഡോക്ടര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കേസില്‍ അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചു. അങ്ങനെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി ആകെ 1,19,35,000 പ്രതികള്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണി വന്നതോടെ ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍, പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടില്‍നിന്ന് 2025 ഡിസംബര്‍ 17ന് തട്ടിയെടുത്ത 46,25,000 നാഗാലാന്‍ഡിലെ പുരാന ബസാര്‍ ശാഖയിലുള്ള ആക്‌സിസ് ബാങ്കിന്റെ ലെയര്‍-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഇതേ ദിവസം ഈ തുകയില്‍നിന്ന് 9,60,000 രണ്ട് ഇടപാടുകളിലായി പ്രതിയായ ഷംസാദിന്റെ പേരിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതില്‍ 9 ലക്ഷം ചെക്ക് മുഖേന പിന്‍വലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഈമാസം 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചതായി സൈബര്‍ പൊലീസിന് വിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവി നിധിന്‍രാജ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ രാജീവന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരായ എസ്‌ഐ നൗഷാദ്, എഎസ്‌ഐമാരായ രഞ്ജിത്ത് കുമാര്‍, ദിലീഷ്, സിപിഒ വിപിന്‍ എന്നിവര്‍ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നാട്ടിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.







