കാസര്‍കോട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനം 23, 24, 25 തീയതികളില്‍ കാസര്‍കോട് നടക്കും. ശാഖാ, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജക മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതിന് ശേഷമാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയില്‍ 70,000 യുവതീയുവാക്കള്‍ പുതുതായി മുസ്ലിം യൂത്ത് ലീഗില്‍ അംഗത്വം നേടിയിട്ടുണ്ട്. മൂന്നുദിവസത്തെ സമ്മേളനത്തില്‍ വെറ്റ്ഗാര്‍ഡ് സംഗമം, തലമുറസംഗമം, യുവജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. ചൊവ്വാഴ്ച തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് കാസര്‍കോട് സമാപിക്കുന്ന പതാക ജാഥ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് നയിക്കും. ജില്ലാ ഭാരവാഹികളായ എം എ നജീബ്, ശംസുദ്ധീന്‍ ആവിയില്‍, എം പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ചം, എ ജി സി ഷംസാദ് എന്നിവര്‍ ജാഥയില്‍ അണിനിരക്കും. ട്രഷറര്‍ എം ബി ഷാനവാസ് നയിക്കുന്ന കൊടിമര ജാഥ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് കാസര്‍കോട് സമാപിക്കും.
25ന് ഉച്ചയ്ക്ക് 3 മണിക്ക് തായലങ്ങാടി ക്ലോക്ക് ടവറില്‍ നിന്ന് യുവജന റാലി ആരംഭിച്ച് നഗരം ചുറ്റി പഴയ പ്രസ് ക്ലബ് ജംഗ്ഷനിലുള്ള സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ കെ എം ഷാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എംഎല്‍എ, നേഹ സിംഗ് റാത്തോര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എം ബി ഷാനവാസ്, എംഎ നജീബ്, ഹാരിസ് തായല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, എംപി നൗഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം പങ്കെടുത്തു.







