കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി യുവാക്കളെ ആക്രമിച്ചതായി പരാതി.
ഉളിയത്തടുക്ക, എസ് പി നഗറിലെ മുഹമ്മദ് അസറുദ്ദീ(29)ന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അമ്പി, തമ്പി, മഷൂദ്, ആരിഫ്, ജാഷിം പള്ളം എന്നിവര്‍ക്കെതിരെയാണ് കേസ്. അക്രമത്തില്‍ പരാതിക്കാരനെ കൂടാതെ കസബ വില്ലേജിലെ അബ്ദുല്‍ കൗഫ്, ചെങ്കളയിലെ അബ്ദുല്‍ റഹ്‌മാന്‍, കസബയിലെ അനസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ തളങ്കര പടിഞ്ഞാറിലാണ് കേസിനാസ്പദമായ സംഭവം. കാര്‍ തടഞ്ഞു നിര്‍ത്തിയ സംഘം മുഹമ്മദ് അസറുദ്ദീന്റെ സുഹൃത്തായ കൗഫിനെ വിളിച്ചിറക്കിക്കൊണ്ടുപോയി കൈപിടിച്ചു തിരിക്കുകയും തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നുവെന്നു കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
പരാതിക്കാരന്റെ സുഹൃത്തായ കൗഫിനെ തായലങ്ങാടിയില്‍ വച്ച് മര്‍ദ്ദിച്ചതിനു പൊലീസ് കേസെടുത്ത വിരോധമാണ് അക്രമത്തിനു ഇടയാക്കിയതെന്നു കൂട്ടിച്ചേര്‍ത്തു.







