കാസര്‍കോട്: പച്ചമ്പളം സഫനഗറിലെ പെയിന്റിങ് തൊഴിലാളിയായ 63 കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നീര്‍ജല്‍ പച്ചമ്പളയിലെ അബ്ദുല്‍ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദ്(34) ആണ് പിടിയിലായത്. സഫനഗറിലെ മുഹമ്മദി(63)നെയും മറ്റു മൂന്നു പേരെയും ആക്രമിച്ച കേസിലെ പ്രതിയാണ് ഇര്‍ഷാദ്. അക്രമത്തിന് ശേഷം ബംഗളൂരുവിലേക്കും പിന്നീട് മൈസൂരുവിലേക്കും കടന്ന ഇര്‍ഷാദ് കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുമ്പള സിഐ ആര്‍പി അനൂപ് കൃഷ്ണ, എസ്.എച്ച്.ഒ എസ് അനൂപ്, എസ്‌ഐ വിനോദ്, സിപിഒമാരായ സന്ദീപ്, ജോസ്, കലേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പച്ചമ്പളത്തെ വീട് വളഞ്ഞ് ഇര്‍ഷാദിനെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കും.
നവംബര്‍ മൂന്നിന് രാത്രിയിലാണ് അക്രമം നടന്നത്. ഥാര്‍ ജീപ്പിലെത്തിയ ഇര്‍ഷാദും സഹോദരനും സഫനഗറിലെ മുഹമ്മദ്, എസ്.എ.ഷെരീഫ്, റഫീഖ്, നവാസ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ഷെരീഫിന്റെ ബൈക്ക് എടുത്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് അക്രമമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഇപ്പോള്‍ മംഗളൂരു ആശുപത്രിയില്‍ചികില്‍സയിലാണ്. അഞ്ചുവധശ്രമം അടക്കം 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഇര്‍ഷാദ്. ഇര്‍ഷാദിനെതിരെ കാപ്പ ചുമത്തി ജയില്‍ അടച്ചിരുന്നു. അടുത്തീയിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും അക്രമം നടത്തിയത്.







