കാസർകോട് : തിരുവനന്തപുരത്തേക്കു പോകുന്ന ട്രയിനിൽ മംഗലാപുരത്തേക്കു പോകേണ്ട യാത്രക്കാർ കയറിക്കൊളളാൻ കാസർകോട് റയിൽവേ സ്റ്റേഷന്റെ ആഹ്വാനം. ഇതുമൂലം ടിക്കറ്റ് റിസർവ് ചെയ്തു ട്രയിൻ കാത്തു നിന്ന ശുദ്ധാത്മാക്കളായ യാത്രക്കാരിൽ പലരും ട്രയിൻ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ മാറിനിന്നു . നാമമാത്രമായ യാത്രക്കാരുമായി സ്പെഷ്യൽ ട്രയിൻ കൂകി വിളിച്ചോടി.
ഓണാഘോഷത്തിനു യാത്രക്കാരുടെ സൗകര്യത്തിനു റയിൽവെ ഏർപ്പെടുത്തിയ പ്രത്യേക ട്രയിൻ റയിൽ വെ ജീവ നക്കാരുടെ അവഗണനയും അലംഭാവവും മൂലം വിപരീത ഫലം ചെയ്തു. ഇന്നു രാവിലെ മംഗലാപുരത്തു നിന്ന്
എട്ടുമണിക്കു പുറപ്പെട്ട് എട്ടരക്കു കാസർകോട്ടെത്തിയ 06052 ഓണം പ്രത്യേക ട്രയിൻ 8 .40 തോടെ കാസർകോട്റയിൽവേ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ തിരുവനന്തപുരത്തുനിന്നു മംഗലാപുരത്തേക്കു പോകുന്ന ട്രയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നുവെന്നു ആവർത്തിച്ചു അനൗൺസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, അതിനു അഞ്ചു മിനിറ്റു മുമ്പും ഇത്തരത്തിൽ പല തവണ മുന്നറിയിച്ചു കൊണ്ടിരുന്നു. അനൗൺസ്മെന്റ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നു നടത്തുന്നതല്ലെങ്കിൽ അതു കേട്ടുകൊണ്ടിരിക്കുന്ന സ്റ്റേഷൻ മാസ്റ്ററോ, മറ്റു ജീവനക്കാരോ, ഇൻഫർമേഷൻ വിഭാഗമോ അനൗൺസ് ചെയ്യുന്നവരെ മഹാ അബദ്ധം അറിയിക്കേണ്ടതായിരുന്നില്ലേ? അതിനു സ്റ്റേഷൻ മാസ്റ്റർ കട തുറന്നിരുന്നില്ല. ഇൻഫർമേഷൻ കൌണ്ടറിലും കാസർകോട് റെയിൽവേ സ്റ്റേഷന്റെ സകല നമ്പറുകളിലും പലരും ഇക്കാര്യം അറിയിക്കാൻ വിളിച്ചു. എന്നാൽ എല്ലായിടത്തേയും നമ്പരുകൾ നിലവിലി ല്ലെന്നായിരുന്നു മറുപടി. കോടികൾ ചിലവഴിച്ചു സ്റ്റേഷൻ പുതുക്കി പണിഞ്ഞാൽ വികസനവും സ്റ്റേഷൻ ജനോപകാര പ്രദവും ആകുമെന്ന് സർക്കാർ ആശ്വസിക്കരുത്. റെയിൽവേ ജനസൗഹൃദമാക്കാൻ സർക്കാർ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ യാത്രക്കാർക്കും ജനങ്ങൾക്കും ഗുണകരമാവുന്നു എന്ന് ഉറപ്പാക്കുക കൂടിവേണ്ടേ?
അതേസമയം ഇതേ ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 06052 ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ടെന്നേ അനൗൺസ് ചെയ്തുള്ളൂ.ആ ട്രെയിൻ കാത്തുനിന്നവർ അതിൽ കയറി പോവുകയും ചെയ്തു. പിന്നീട് ട്രെയിൻ നിറുത്തിയ സ്റ്റേഷനിൽ തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിൻ സ്റ്റേഷനിൽ നിറുത്തിയിട്ടുണ്ടെന്നു മൈക്കിലൂടെ വിളിച്ചു പറഞ്ഞു അവരുടെ കടമ നിർവഹിച്ചു.
റെയിൽവേയുടെ ഈ പോക്ക് അതിനെ കെ എസ് ആർ ടി സി യുടെ അവസ്ഥയിലെത്തിക്കാൻ അധിക കാലം കാത്തിരിക്കേണ്ടെന്നു ഓർമ്മിപ്പിക്കുന്നുണ്ട്.
രാവിലെ ആറരക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തേണ്ട നേത്രാവതി എക്സ്പ്രസ്സ് ഇന്ന് ആറു മണിക്കൂർ ലേറ്റായിരുന്നു. റെയിൽവേ യുടെ പല ആപ്ലിക്കേഷനുകളിൽ പലതരത്തിലായിരുന്നു ലേറ്റ് സമയം കാണിച്ചിരുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതോ, ഉള്ളവർക്ക് മാസാമാസം കൃത്യമായി കിട്ടുന്ന ചിക്ലിയോ മതി എന്നതായിരിക്കുന്നു സംസ്ഥാന സർക്കാർ സർവീസ് മാത്രമല്ല എല്ലാ സർക്കാർ സർവീസും എന്ന് വന്നുകൊണ്ടിരിക്കുകയാണ്. ജനാ നുകൂല്യം പറഞ്ഞാൽ മതിയെന്നു വരുന്നത് ശോഭനമല്ലെന്നു എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ.







