കാസര്‍കോട്: ഡോ.എ.സുബ്ബറാവു സ്മാരക സാംസ്‌ക്കാരിക പുരസ്‌ക്കാരത്തിന് പ്രശസ്ത സാംസ്‌കാരിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ നാരായണന്‍ പേരിയയെ തെരഞ്ഞെടുത്തു.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സംസ്ഥാന മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഡോ.എ.സുബ്ബറാവുവിന്റെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയതാണ്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 3ന് കാസര്‍കോട് വച്ച് നടക്കുന്ന സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രശസ്ത കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണന്‍, മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
മതദര്‍ശനം, മാര്‍ക്‌സിസം, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളുടെ കര്‍ത്താവും അദ്ധ്യാപക നേതാവുമായിരുന്ന നാരായണന്‍ പേരിയ പരിസ്ഥിതി -സാംസ്‌കാരിക രംഗത്തും മതേതര ചിന്തയ്ക്കും നല്‍കിയ സംഭാവനകളെ സമഗ്രമായി പരിഗണിച്ചാണ് തീരുമാനമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി അറിയിച്ചു.







