ജേക്കബ് ജോൺ കുമരകം
അഞ്ച്
ജയിലിൽ ഒരു ചാപ്പൽ ഉണ്ട്. അവിടെ എല്ലാ മാസത്തിലും ജയിൽ മിനിസ്ട്രി യുടെ ആളുകൾ വന്നു പ്രാർഥന നടത്തും . വര്ഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്ന, ജയിൽ അധികൃതരുടെയും സഹ തടവുകാരുടെയും ” നല്ല നടപ്പ് ” സർട്ടിഫിക്കറ്റ് കിട്ടിയ ചില “കൊള്ളാവുന്ന ” തടവുകാർ ആണ് ഈ പ്രാർത്ഥന കൂട്ടായ്മകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്നത് . ടോണി ആ മാസത്തിലെ പ്രാർഥന യോഗത്തിൽ സംബന്ധിച്ചു . അവിടെ വന്ന വർഷിപ് ലീഡേഴ്സിൽ ഒരാൾ മലയാളിയായ പാസ്റ്റർ സാംസൺ ആയിരുന്നു. പാസ്റ്റർ ടോണിയോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി . ചാപ്പലിൽ വച്ച് കാര്യങ്ങൾ സംസാരിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടെന്നും സൂപ്രണ്ടുമായി സംസാരിച്ചു വേറൊരു ദിവസം വിശദമായി കാര്യങ്ങൾ സംസാരിക്കാമെന്നും പാസ്റ്റർ സാംസൺ ടോണിക് ഉറപ്പ് നൽകി. ഒരാഴ്ച ഇഴഞ്ഞു നീങ്ങി . സൂപ്രണ്ട് ഓഫീസിൽ നിന്നും വിളി വന്നു . പാസ്റ്ററും വേറെ ഒരാളും ഉണ്ട് . കൂടെ വന്ന ആളെ പാസ്റ്റർ സാംസൺ ടോണിക്ക് പരിചയപ്പെടുത്തി . മലയാളിയായ ഇമ്മിഗ്രേഷൻ അറ്റോർണി, പീറ്റർ വര്ഗീസ് . അവർ കുറെ കടലാസുകൾ ടോണിയെ കൊണ്ട് ഒപ്പിട്ടു വാങ്ങി . ദൈവം അനുവദിച്ചാൽ ഈ നമ്മുടെ റിക്വസ്റ്റ് കോർട്ട് അംഗീകരിച്ചാൽ ജയിലിൽ നിന്നും പുറത്തു കടക്കാം . മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ, ഞങ്ങളുടെ ജയിൽ മിനിസ്ട്രി നിങ്ങളെ സ്പോൺസർ ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ആണ് നമ്മൾ സമർപ്പിക്കാൻ പോകുന്നത്. പിന്നീട് പ്രാർഥനയുടെ ദിവസങ്ങൾ ആയിരുന്നു ടോണിക്ക് ! അറിയാവുന്ന പുണ്യാളന്മാരോടും ദൈവങ്ങളോടും എല്ലാം പ്രാർഥിച്ചു. നേർച്ചകൾ പലതും നേർന്നു . അവന്റെ കണ്ണിൽ നിന്നും ഉള്ളിൽ എരിയുന്ന കനലില്ന്റെ ചൂടിൽ ഉരുകിയ മെഴുനീർ കണങ്ങൾ അണ പൊട്ടി ഒഴുകി .
ഒടുവിൽ ആ അത്ഭുതവും സംഭവിച്ചു . ടോണി ജയിൽ വിമോചിതനായി . പാസ്റ്റർ സാംസൺ നടത്തുന്ന ജയിൽ മിനിസ്ട്രി ടോണിയെ സ്പോൺസർ ചെയ്തു . അവൻ പാസ്റ്ററുടെ വീട്ടിലും അവരുടെ പള്ളിയോട് ചേർന്നുള്ള ഔട്ട് ഹൗസിലും മാറി മാറി താമസമാക്കി . വർഷങ്ങൾക്ക് ശേഷം അവൻ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആവോളം ശ്വസിച്ചു . പാസ്റ്റർ സാംസന്റെ സഹായത്തോടെ ടോണി ഇന്ത്യൻ എംബസിയിലേക്ക് നടന്ന കാര്യങ്ങളുടെ ചുരുക്കത്തിലുള്ള വിവരങ്ങൾ അടങ്ങിയ ഒരു കത്തും , നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പുതിയ പാസ്പോർട്ടിനുള്ള ആപ്പ്ളിക്കേഷനും അയച്ചു . പാസ്പോര്ട് കിട്ടിയാലേ വർക്ക് പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു തീരുമാനം ഉണ്ടാവൂ . നാട്ടിലേക്കു തിരിച്ചു പോകണമെങ്കിൽ പാസ്പോര്ട് വേണം , പാസ്റ്റർ സാംസൺ അഭിപ്രായപ്പെട്ടു .നാട്ടിലേക്ക് ഈ അവസ്ഥയിൽ ചെല്ലുന്നത് ടോണിക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല . ദൈവം പാസ്റ്റർ സാംസന്റെ രൂപത്തിൽ മുൻപിൽ പ്രത്യക്ഷപെട്ടിരിക്കുകയാണ് . അദ്ദേഹം പല പ്ലാനുകളും പറയുന്നുണ്ട് . അവിടെ അടുത്ത് ഒരു മലയാളി നടത്തുന്ന ഒരു കടയുണ്ട് . അവിടെ ഒരു ജോലി തരപ്പെടുത്താമോ എന്ന് ചോദിക്കാനിരിക്കുകയാണ് . വർക്ക്
പെര്മിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ് . പക്ഷെ അതിന് അപ്ലൈ ചെയ്തിട്ടുണ്ട് , പെന്റിങ് ആണെന്ന് പറയാം . അത് ശരിയുമാണല്ലോ . ജീവിക്കേണ്ടേ ? അങ്ങനെ ടോണിയും പാസ്റ്ററും കൂടി കുരുവി എന്ന് മലയാളികൾ ഓമന പേരിൽ വിളിക്കുന്ന കുരുവിളയുടെ കടയിൽ ചെന്ന് അയാളോട് വിവരങ്ങൾ സംസാരിച്ചു . പാസ്റ്റർ സാംസൺ നാട്ടുകാരുടെ ഇടയിൽ വളരെ മതിപ്പുള്ള ആളായതു കൊണ്ടും , കച്ചവടം വലിയ തെറ്റില്ലാതെ പോകുന്നതു കൊണ്ടും ഒക്കെ ടോണിയെ അവിടെ താത്കാലികമായി ജോലിക്ക് നിർത്താം എന്ന് കുരുവിള സമ്മതിച്ചു .
കടയിൽ മിക്കവാറും ധാരാളം കേറ്ററിംഗ് ഓർഡർ കാണും. രാത്രി വൈകി ഉറങ്ങിയും പുലരുന്നതിനു മുമ്പേ ഉണർന്നു ജോലി തുടങ്ങുകയും ഒക്കെ ചെയ്യുന്നതു കാരണം ടോണിയെ കുരുവിക്ക് ഇഷ്ടമായി . ടോണി പള്ളിയുടെ ഔട്ട് ഹൗസിൽ നിന്നും കുരുവിയുടെ കടയുടെ പിന്നിലുള്ള മുറിയിലേക്ക് താമസം മാറ്റി . ഭക്ഷണം എല്ലാം കടയിൽ നിന്നും കിട്ടും . ഞായറാഴ്ച പള്ളിയിൽ പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും നടക്കാറില്ല . നിന്ന് തിരിയാൻ സമയം ഇല്ലെന്നു പറയാം . ആയിടക്കാണ് കടയിൽ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കിന്റെ ഡ്രൈവർ ജോയുമായി ടോണി പരിചയത്തിലാകുന്നത് . മാസത്തിൽ ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ ജോ കടയിൽ സാധനങ്ങളുമായി വരും . ടോണിയുമായി ഒത്തിരി നേരം വർത്തമാനം ഒക്കെ പറഞ്ഞു കാര്യങ്ങൾ തിരക്കി പോകും . ഒരു കൂടപ്പിറപ്പിനോടുള്ള വാത്സല്യം ജോക്ക് ടോണിയോട് ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവൻ ഒരു ദിവസം ടോണിയെ അവന്റെ കൂട്ടത്തിൽ കൊണ്ട് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു . ടോണിക്ക് സന്തോഷമായി പക്ഷെ കുരുവിളയോടും , പാസ്റ്റർ സാംസണോടും സംസാരിച്ചു അവർക്കു സമ്മതമാണെങ്കിൽ മാത്രം പോകാം എന്നൊരു തീരുമാനത്തിലെത്തി . ജോ കുരുവിളയുമായും പാസ്റ്ററുമായും സംസാരിച്ചു . തന്റെ കൂടെ സഹായിയായി കൂടി പതുക്കെ പതുക്കെ ട്രക്ക് ഡ്രൈവിംഗ് വശമാക്കി കഴിഞ്ഞാൽ അമേരിക്കയിൽ കിട്ടാവുന്നതിൽ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ഒരു തൊഴിൽ വശമാക്കാം . അവൻ ജോലി ചെയുന്ന ട്രക്ക് ഉടമസ്ഥർ ഒരു ലാറ്റിനോ ഫാമിലി വളരെ നല്ല മനുഷ്യത്വമുള്ള ആളുകൾ ആണെന്നും അവരെ പറഞ്ഞു മനസിലാക്കി കാര്യങ്ങൾ ശരിയാക്കാമെന്നും ജോ ഏറ്റു . അങ്ങനെ ജോയുടെ ഡ്രൈവർ ഹെൽപ്പർ ആയി ടോണി ജോലി തുടങ്ങി . വണ്ടി ഓടിക്കാൻ അറിയാവുന്നതു കൊണ്ട് അധികം വൈകാതെ ട്രക്ക് സ്റ്റോപ്പുകളിൽ പാർക്ക് ചെയ്യാനും റിവേഴ്‌സ് എടുക്കാനും ട്രക്കിന്റെ അത്യാവശ്യം മെയ്ന്റനൻസ് കാര്യങ്ങളും അവൻ അനായാസം സ്വായത്തമാക്കി . അധികം താമസിയാതെ തന്നെ അവൻ ക്ലാസ് എ കൊമേർഷ്യൽ ഡ്രൈവേഴ്സ് ലൈസൻസ് (CDL ) ടെസ്റ്റ് പാസ്സായി . ഇപ്പോൾ അവൻ പൂർണമായും ഒരു ട്രക്ക് ഡ്രൈവർ ആയി . ആയിടക്ക് ലാറ്റിനോ ഫാമിലി പുതിയ ഒരു ട്രക്ക് വാങ്ങി . ” ആവേ മരിയ “.. ആരും കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന ഒരു സ്വീഡിഷ് വോൾവോ സുന്ദരി ട്രക്ക് .ടോണി ആ പുതിയ ട്രൂക്കിന്റെ ഡ്രൈവർ ആയി . കുരുവിയും ജോയും ചേർന്ന് വേറൊരു ട്രക്ക് സ്വന്തമായി വാങ്ങി . ആ ട്രക്കിന് അവർ “ചെകുത്താൻ ” എന്ന് പേരിട്ടു . ജോ, അവന്റെ ചെകുത്താന്റെ കൂടെയുള്ള ജീവിതം തുടങ്ങി . ടോണിയെ അവൻ തന്റെ കൂടെ കൂടാൻ ക്ഷണിച്ചു പക്ഷെ പുതിയ സുന്ദരി ട്രക്ക് ” ആവേ മരിയ” യെയും തനിക്കു ജീവിക്കാൻ അവസരം തന്ന ട്രക്കിങ് കമ്പനിയെയും അവൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു … സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കാത്ത വരായി ആരുണ്ട് അല്ലെ ?.. ആവേ മരിയ ടോണിയുടെ
ജീവിതത്തിന്റെ ഭാഗമായി , ടോണി ആവേ മരിയയുടെയും ! ടോണിയുടെ കഥ അങ്ങനെ തുടരുന്നു ….
ഇങ്ങനെ പറയാൻ തുടങ്ങിയാൽ എത്ര പേരുടെ കഥ ഞാൻ പറയും ? ഞാൻ സഞ്ചരിച്ച വഴികൾ , കണ്ട കാഴ്ചകൾ …. അങ്ങനെ എന്തെല്ലാം . എനിക്ക് പോകാറായി . മറ്റൊരു ദൂര യാത്ര . അടുത്ത ട്രക്ക് സ്റ്റോപ്പിൽ കാണാം ….പതിനെട്ടു ടയറുകളും നമിച്ചുള്ള നന്ദി .. എല്ലാവര്ക്കും എല്ലാറ്റിനും ….








