കാസര്‍കോട്: രാജ്യത്തിന്റെ ഐക്യവും ദേശീയബോധവും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് വന്ദേ മാതരത്തിനെതിരായ പ്രതിഷേധമെന്നും ഇതിന് പിന്നിലെ ശക്തികളെയും ആശയങ്ങളെയും കണ്ടെത്തണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിനെതിരെ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ടതല്ല. വന്ദേ മാതരം ഒരു ഗാനം മാത്രമല്ല, ദേശീയബോധത്തിന്റെ പ്രതീകമാണ്. കൊളോണിയല്‍ ഭരണത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിച്ച ശക്തിയായിരുന്നു വന്ദേ മാതരം. മുഴുവന്‍ ഗാനം ആലപിക്കാതെ ‘വന്ദേ മാതരം’ എന്നു മാത്രം ഉച്ചരിച്ചാല്‍ പോലും രാജ്യത്തെ ജനങ്ങള്‍ ഒന്നാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ ദേശീയ ഐക്യമാണ് കൊളോണിയല്‍ ഭരണത്തിന്റെ അടിത്തറ ഇളക്കിയത്. രാജ്യം ഒന്നിച്ചാല്‍ ഇന്ത്യയില്‍ തുടരുക ദുഷ്‌കരമാകുമെന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.വന്ദേ മാതരത്തിന്റെ ശക്തിയും ചരിത്രത്തിലെ അതിന്റെ പങ്കും പുതിയ തലമുറ തിരിച്ചറിയണം. വന്ദേ മാതരത്തിന്റെ ചരിത്രം പ്രസംഗങ്ങളില്‍ മാത്രം ഒതുക്കാതെ സമഗ്രമായ ഗവേഷണത്തിലൂടെ രേഖപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ കെ. പി. രാമനുണ്ണി സമാപന സന്ദേശം നല്‍കി. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദല്‍ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, പ്രമുഖ പണ്ഡിത പ്രൊഫ. സുനൈന സിങ്, സാഹിത്യ അക്കാദമി എഡിറ്റര്‍ (ഇംഗ്ലീഷ്) സ്നേഹ ചൗധരി എന്നിവര്‍ സംസാരിച്ചു.







