കൊടക്കാട് നാരായണൻ
ചെറുവത്തൂർ: ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ മത്സരത്തിൽ ഉദുമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടൂ വിദ്യാർഥിനി ദേവനന്ദയുടെ രചന വേറിട്ട കാഴ്ചാ അനുഭവം പകർന്നു. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ മത്സരത്തിൽ 37 രചനകൾ സംഘാടകർക്ക് ലഭിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം . പക്ഷെ,ദേവനന്ദയുടെ രചന വേറിട്ടു നിന്നു.വർണങ്ങളെ വിരൽച്ചുണ്ടിലൊതുക്കാനും വിവര സാങ്കേതിക വിദ്യ കൊണ്ട് അതിന് ദൃശ്യ ചാരുത നൽകാനും ദേവനന്ദക്കു കഴിഞ്ഞു.
വർണ്ണംകൊണ്ടു ആശയങ്ങളെ അനായാസം കാണികളിൽസന്നിവേശിപ്പിക്കാനുള്ള പാടവം ലോഗോയിൽ തെളിഞ്ഞു. മുൻ വർഷം ശാസ്ത്രോത്സവത്തിന് വേണ്ടി തയ്യാറാക്കിയ ലോഗോയും മികച്ചതായിരുന്നു.
കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിന് പ്രൊമോ വീഡിയോ തയ്യാറാക്കി ഒന്നാം സ്ഥാനം നേടി.
ഒന്നാം ക്ലാസ് മുതലേ. നിറങ്ങളോട് ദേവനന്ദ കൂട്ടു കൂടിയതാണ്.വനം വന്യജീവി വകുപ്പിൻ്റെ വന്യ ജീവി വാരാഘോഷത്തിൻ്റെ ഭാഗമായി വർഷം തോറും സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരങ്ങളിൽ ഒന്നാം ക്ലാസ് തൊട്ട് തുടർച്ചയായി ഹയർ സെക്കണ്ടറി വരെ സമ്മാനം നേടുക എന്നത് ദേവനന്ദയ്ക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന നേട്ടമാണ്.
2022ൽ 8 -ാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെ സപര്യ സാംസ്‌കാരിക സമിതിയുടെ പ്രഥമ സംസ്ഥാനതല ചിത്രപ്രതിഭാ പുരസ്‌കാരവും നേടിയിരുന്നു. ജലച്ചായവും ഓയിൽ പെയിൻ്റിംഗും ഈ ചിത്ര പ്രതിഭയ്ക്ക് ജീവനാണ് . കേരള സ്‌കൂൾ കലോത്സവങ്ങളിലും ശാസ് ത്രോത്സവങ്ങളിലും സ്കൂൾ തലം തൊട്ട് സംസ്ഥാന തലം വരെ പെൻസിൽ ഫാബ്രിക്, ഓയിൽ,ജലഛായ മത്സരങ്ങളിൽ ദേവനന്ദ വാങ്ങി കൂട്ടിയ സമ്മാനങ്ങൾ അതിശയിപ്പിക്കുന്നതാണ്. ബേക്കൽ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ സ്‌കൂളിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ഒരു വിദ്യാർഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിലും കോഴിക്കോട് ആർട്ട് ഗാലറിയിലും നടന്ന സംയുക്ത പെയിൻ്റിംഗ് എക്സിബിഷനിൽ ദേവനന്ദയുടെ ചിത്രങ്ങൾ ഇടംപിടിച്ചിരുന്നു.
ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ കീഴിലാണ് ചിത്ര രചനയിൽ പരിശീലനം നേടിയത്. ജില്ല സംസ്ഥാന ക്വിസ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ ദേവനന്ദ പഠനത്തിലും ഒന്നാമതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും എക്സിബിഷൻ ഒരുക്കുന്നതിനും ധാരാളം ക്ലാസുകൾ നഷ്‌ടപ്പെട്ടിട്ടും ട്യൂഷൻ പോലുമില്ലാതെ ദേവനന്ദയുടെ പ്ലസ് വൺ റിസൾട്ട് വന്നപ്പോൾ അധ്യാപകർ പോലും അത്‌ഭുതപ്പെട്ടു. എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് സ്‌കോർ ചെയ്ത നേട്ടത്തിൽ സ്‌കൂൾ പി ടി എ ലെറ്റർ ഒഫ് എക്സലൻസ് സാക്ഷ്യപത്രവും പുരസ്കാരവും നൽകി അനുമോദിച്ചു.പനയാൽ ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ കെ.ടി ബാബുവിൻ്റെയും തച്ചങ്ങാട് ഗവ ഹൈസ്കൂൾ അധ്യാപികയും കവയിത്രിയുമായ സുനിമോൾ കെ ബളാലിൻ്റെയും മകളാണ്.
കവയിത്രി കൂടിയായ സഹോദരി ആര്യനന്ദ ബയോ ടെക്നോളജി പിജി വിദ്യാർഥിനിയാണ്.







