തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു 437 വിവാഹം നടന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം വിവാഹം ഗുരുവായൂരില്‍ നടക്കുന്നത്. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നു വിവാഹങ്ങളുടെ ബാഹുല്യം കണക്കിലെടുത്തു ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ആറു പ്രത്യേക മണ്ഡപങ്ങള്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചെ നാലു മണി മുതല്‍ ആറുമണ്ഡപങ്ങളിലും വിവാഹ കര്‍മ്മം ആരംഭിച്ചിരുന്നു.

2024 സെപ്റ്റംബര്‍ എട്ടിനാണ് ഇതിനു മുമ്പു ഒരു ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടന്നത്. അന്നു 354 വിവാഹങ്ങള്‍ നടന്നു.
വിവാഹത്തിനുള്ള ടോക്കണ്‍ ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം വേഗത്തില്‍ നടത്തിക്കൊണ്ടുപോകുന്നത്. ആദ്യ രണ്ടു മണിക്കൂറില്‍ 137 വിവാഹങ്ങള്‍ പൂര്‍ത്തിയായിരുന്നു വിവാഹത്തിരക്കു നിയന്ത്രിക്കുന്നതിനു ക്ഷേത്രത്തിലെ പ്രത്യേക വിഭാഗത്തെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.








