കാസർകോട് : നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അണങ്കൂർ മുതൽ പുതിയ ബസ്സ്റ്റാൻ്റ് വരെ വൺവേ സംവിധാനം ഏർപ്പെടുത്തണമെന്ന് കല്ലട്ര മാഹിൻ എം എൽ എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനും ജില്ല റോഡ് സുരക്ഷ അതോറിറ്റിയോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കാസർകോട് ജില്ലാ വികസന സമിതി യോഗത്തിലാണ് എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. അതോറിറ്റിയുടെ യോഗം അടുത്തമാസം ആദ്യം വിളിച്ചു ചേർക്കുന്നതിനും ജില്ലാകളക്ടർ നിർദ്ദേശം നൽകി.കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു. ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . നഗരത്തിലെ റോഡ് വീതി കൂട്ടുന്നതിന് ബന്ധപ്പെട്ട സ്ഥലം വിട്ടു നൽകേണ്ട വ്യക്തികളെയും ട്രാഫിക് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആവശ്യമായ ചർച്ചകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് കാസർകോട് മുൻസിപ്പൽ സെക്രട്ടറി യോഗത്തിൽ പറഞ്ഞു.







