പാലക്കാട്: പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി. ഓഗസ്റ്റ് 21ന് റെയില്‍വേ ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവില്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ ചില ഭാഗങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റി.
വളരെ മികച്ച ലാഭം നേടുന്ന മേഖലയായിരുന്നു റെയില്‍വെയുടെ പാലക്കാട് ഡിവിഷന്‍.
ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനാണ് പാലക്കാട്. വരുമാനം അടിസ്ഥാനമാക്കിയാണ് റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. മംഗളൂരു നഷ്ടമാകുന്നതോടെ വരുമാനം ഇടിയുകയും പാലക്കാട് ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുകയും ചെയ്യുമെന്നാണ് ആശങ്ക.
മംഗളൂരു എടുത്തു മാറ്റിയതോടെ ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന വരുമാനം കുറയും. അതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി കുറവ് വന്നേക്കാം. പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കുന്നതിലും കാലതാമസം നേരിടാനുള്ള സാധ്യതയുണ്ട്. ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗളൂരു മേഖലയാണ് മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റിയിരിക്കുന്നത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ കീഴിലാണ് മൈസൂരു ഡിവിഷന്‍. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇടപെടണം എന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടു.
റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കി.








