കാസർകോട്: പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാനുള്ള പ്രവാചകന്റെ സന്ദേശം ജീവിതത്തിലുടനീളം പകർത്താൻ വിശ്വാസികൾ നബിദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എൻ.എ നെല്ലിക്കുന്നും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാനും ആഹ്വാനം ചെയ്തു.
ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കരുത്. വേദനിപ്പിക്കരുത്.
മനുഷ്യ മനസ്സിന്റെ നന്മമരമായ മുഹമ്മദ് നബിയുടെ ജന്മദിനം സൽക്കർമ്മങ്ങളുടെ പുതുക്കലായി കണ്ടു നാട്ടിൽ സൗഹാർദ്ദവും ഐക്യവും ശാന്തിയും ഊട്ടിയുറപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്തു.
സ്വന്തം സുഖസൗകര്യങ്ങളിലേക്കും ആർഭാട ജീവിതത്തിലേക്കും മാറിപ്പോയ ഒരു വർത്തമാനകാലമാണ് നമ്മുടെ മുന്നിലുള്ളത്. ഇത്തരം ചിന്താഗതികളുടെ പ്രചാരകനായിരുന്നില്ല പ്രവാചകൻ. ഒരു നോവ് പോലും ആർക്കും സമ്മാനിക്കാതെ മനുഷ്യത്വത്തിന്റെ മഹനീയ മാതൃകകളാകാനായിരുന്നു മാനവരാശിയുടെ വിമോചകനായ റസൂൽ കരീം തിരുമേനിയുടെ ഉദ്ബോധനം.
മറ്റുള്ളവരുടെ വേദനകളും കഷ്ടപ്പാടുകളും ഇല്ലാതാക്കാനുള്ള വഴികളാണ് പ്രവാചകൻ കാണിച്ചു തന്നത്. ജീവിത ദർശനത്തിന്റെ ചിന്തകളാണ് പ്രവാചകന്റെ ജീവിതം പറഞ്ഞു തരുന്നത്. അത് പകർത്താൻ നമുക്ക് സാധിക്കണം.
നബിദിനം നൽകുന്നത് മഹദ് സന്ദേശമാണ്. ആർഭാടാഘോഷങ്ങളിലും ബൈക്ക് റാലിയിലും കലാപരിപാടികളിലും ഒതുക്കേണ്ട ദിനമല്ലിത്. ജീവിത ദർശനത്തിന്റെ ചിന്തകളാണ് പ്രവാചകന്റെ ജീവിതം പറഞ്ഞു തരുന്നത്. അത് പകർത്താൻ നമുക്ക് സാധിക്കണം-നേതാക്കൾ ഓർമ്മിപ്പിച്ചു.







