വേലാശ്വരം : അജാനൂർ കുടുംബശ്രീ മോഡൽ സി.ഡി.എസിലെ സൂര്യകാന്തി, തുളസി ജെ. എൽ ജി ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് രാവണേശ്വരം തെക്കേ പള്ളത്തെ പാടത്ത് വിരിയിച്ച വർണ്ണ വസന്തം വർണ വിസ്മയവും അഡ്വാൻസ് ഫലത്തിന്റെ ആഹ്ലാദവും പകർന്നു . പൂപ്പാടത്ത് മഞ്ഞ ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി വിളഞ്ഞു നിൽക്കുന്നത് ഏവർക്കും നയനാനന്ദകരമായ കാഴ്ച പകരുന്നു . അജാനൂർ സി. ഡി എസ്, കൃഷിഭവൻ എന്നിവ നൽകിയ ചെണ്ടുമല്ലി തൈകൾ ഉപയോഗിച്ചാണ് ഇവർ വർണ്ണ വസന്തം പകർന്നത്. 30 സെന്റ് സ്ഥലത്ത് ചെയ്ത കൃഷിയിൽ നിന്നും 50 കിലോവിലധികം പൂക്കൾ ലഭിക്കുമെന്നു ഇവർ പ്രതീക്ഷിക്കുന്നു . പൂക്കൾ വാങ്ങാനായി ആളുകൾ പൂപ്പാടത്ത് തന്നെ എത്തുന്നത് ഇവർക്ക് ആത്മവിശ്വാസം നൽകുന്നു. കെ. ജ്യോതി, പി.
പൂർണ്ണിമ, പി.കമല, എസ്. പൂർണ്ണിമ എന്നിവരടങ്ങുന്ന സൂര്യകാന്തി ജെ. എ ൽ.ജിയും കെ. വി. ഉഷ, സി.സരസ്വതി, ടി.അഞ്ചു, എൻ. എ. പ്രീതി, കെ. വി സ്മിഷ എന്നിവരടങ്ങുന്ന തുളസി ജെ. എൽ ജിയുമാണ് ചെണ്ടുമല്ലി കൃഷിയുടെ കരുത്തായി പ്രവർത്തിച്ചത്. പൂപ്പാടത്ത് നടന്ന വിളവെടുപ്പ് ഉത്സവം അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു.അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ, വൈസ് ചെയർപേഴ്സൺ കെ. സുമതി,സി. ആർ. പി. ശ്രുതി പ്രസംഗിച്ചു .എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ സംബന്ധിച്ചു.







