പി പി ചെറിയാൻ
ഡാളസ്: ദേവാലയങ്ങൾ കേവലം കെട്ടിടങ്ങളോ ആചാരങ്ങളുടെ വേദികളോ ആയി ചുരുങ്ങിപ്പോകരുതെന്നു റവ. ഡോ. മോത്തി വർക്കി ഓർമ്മിപ്പിച്ചു. അവ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുന്ന പവിത്രമായ വിശ്വാസകേന്ദ്രങ്ങളായി രൂപാന്തരപ്പെടണമെന്നു മാർത്തോമാ സഭയിൽ പൂർവ പിതാക്കന്മാർ നവീകരണ കാലഘട്ടത്തിൽ ഉയർത്തിപ്പിടിച്ച മാറ്റമില്ലാത്ത സുവിശേഷ സത്യങ്ങൾക്കായി ശക്തമാ യി നിലകൊള്ളുന്ന കേന്ദ്രങ്ങളാകണമെന്നു കൂട്ടിച്ചേർത്തു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നാഷണൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തെ ആധാരമാക്കി റവ. ഡോ. മോത്തി വർക്കി നടത്തിയ വചനശുശ്രൂഷ വിശ്വാസികളിൽ ആത്മീയ ചിന്തകൾക്ക് ആഴം കൂട്ടി. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ നിന്ന് യേശുവിലേക്കുള്ള ആത്മീയ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്.
ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ദൈവവചനത്തെ അടിത്തറയാക്കി വിശ്വാസത്തിൽ വളരാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
“നിങ്ങൾക്ക് എന്ത് വേണം?” എന്ന യേശുവിന്റെ ചോദ്യത്തിന് ഉത്തരമായി, അവനോടൊപ്പം വസിച്ച് അവന്റെ ദിവ്യസ്നേഹം അനുഭവിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
റവ. ജോസി ജോസഫ് ബൈബിൾ പഠന ക്ലാസിന് നേതൃത്വം കൊടുത്തു. റവ. ഡോ. മോത്തി വർക്കി നേതൃത്വം നൽകി ഗ്രൂപ്പ് ചർച്ചകളും ഗ്രൂപ്പ് മധ്യസ്ഥ പ്രാർത്ഥനയും നടന്നു.
ഡോ. ജോജി വർഗീസ് ആരോഗ്യ പരിപാലന സെമിനാർ നയിച്ചു. ജോർജ് പി. ബാബു ‘മിഷൻ അനുഭവവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംസാരിച്ചു. ഗാനശുശ്രൂഷയുമുണ്ടായിരുന്നു. ഡോ. വിനോ ജോൺ ഡാനിയേൽ ഉണർവ്വ് യോഗത്തിന് നേതൃത്വം നൽകി.








