ചെന്നൈ: തെന്നിന്ത്യന്‍ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അറിയപ്പെടുന്ന മുതിര്‍ന്ന നടിയാണ് സൗകാര്‍ ജാനകി. അഞ്ചുമണിമുതല്‍ തേനാംപേട്ടിലെ സെന്റാഫ് റോഡില്‍ നടിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും. ഏഴുപതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ രംഗത്തു പ്രവര്‍ത്തിച്ചുവരുന്നിരുന്നു.
1955 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സൗകാര്‍ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് നടി ‘സൗകാര്‍ ജാനകി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. നാന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. നാടക മേഖലയില്‍ നിന്ന് റേഡിയോയിലെത്തിയ ജാനകി ‘ഷവുകാരു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്. നന്ദീ പുരസ്‌കാരം, കലൈയ്മാമണി, പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കി രാജ്യം ജാനകി എന്ന പ്രതിഭയെ ആദരിച്ചിട്ടുണ്ട്. ജാനകിയുടെ ഇളയ സഹോദരി കൃഷ്ണ കുമാരിയും, ചെറുമകള്‍ വൈഷ്ണവി അരവിന്ദും സിനിമാമേഖലയില്‍ സജീവമാണ്. ശ്രീകാന്ത്, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പമാണ് ജാനകി അധികവും നായികയായി വേഷമിട്ടത്. സൂര്യമാനസം, സ്‌കൂള്‍ മാസ്റ്റര്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.









