കാസർകോട് : നഗരസഭയുടെ മൂക്കിന് താഴെയുള്ള നഗരമധ്യത്തിലെ കെ പി ആർ റാവു റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടു. കെ എസ് ആർ ടി സി ബസ്സുകൾ ഡിപ്പോയിൽ കയറുന്നതിന് പെടാ പാട് പെടുന്നു . കനത്ത മഴയിൽ കുഴികളുടെ എണ്ണം കൂടുകയും, കുഴികൾ വലിയ ഗർത്തങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്.
കെ പി ആർ റാവു റോഡ് നഗരത്തിലെ വലിയ വാഹനത്തിരക്കേറിയ റോഡുകളിൽ ഒന്നാണ്.ബാങ്ക് റോഡിലെ വലിയ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പലരും വാഹനങ്ങൾ തിരിച്ചു വിടുന്നതും കെ പി ആർ റാവു റോഡിലൂടെയാണ്. കെഎസ്ആർടിസി ഡിപ്പോയിൽ ബസ്സുകളുടെ ഇറക്കവും,കയറ്റവും മുൻവശത്തുകൂടെ യാകുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കെഎസ്ആർടിസി ബസ്സുകൾ പിറകുവശത്തുള്ള കെപിആർ റാവു റോഡിലൂടെ ഡിപ്പോയിൽ പ്രവേശിക്കുന്നത്. ഇവിടെയാണ് വൻകുഴി രൂപപ്പെട്ടിട്ടുള്ളത്.
കെ പി ആർ റാവു റോഡിന്റെ വിവിധ ഭാഗങ്ങളിൽ റോഡിന്റെ കരയിടിഞ്ഞ് റോഡ് തകരാൻ തുടങ്ങിയിട്ട് ദീർഘ കാലമായിട്ടുണ്ട്.മൾട്ടി സിനിമാ തിയേറ്റർ, ടെലികോം ഓഫീസ്,ചെറുതും, വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ,വാണിജ്യ കെട്ടിട സമുച്ചയങ്ങൾ എന്നിവയൊക്കെ ഈ ഭാഗത്ത് ജനത്തിരക്കും, വാഹനത്തിരക്കും ഉണ്ടാക്കുന്നുമുണ്ട് . ഇതിനിടയിലെ റോഡ് തകർച്ച വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.
കെപിആർ റാവു റോഡ് അടിയന്തിരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നു വ്യാപാരികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രശ്നത്തിൽ കാസർകോടിന്റെ ജനകീയ എംഎൽഎ കല്ലട മാഹിൻ ഹാജി ഇടപെടുമെന്ന വിശ്വാസത്തിലാണ് യാത്രക്കാർ ഇപ്പോൾ.







