കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ആശുപത്രിയിലേയ്ക്ക് ചികിത്സ തേടി പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ വീശി വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ഉപ്പള, കോടിബയല്‍, അന്‍സാള, മന്‍സിലിലെ മുഹമ്മദ് ആത്തിഖ് (27) നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. അയാസ്, സൈഫു, അന്‍ഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ (ബുധന്‍) രാവിലെ ഒന്‍പതു മണിയോടെ ഉപ്പള ഫെഡറല്‍ ബാങ്ക് ശാഖയ്ക്കു മുന്നിലാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ആത്തിഖിന്റെ ബന്ധു വീട്ടില്‍ നിന്നു പൂവന്‍ കോഴിയെ കാണാതായതു ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ പരാതിക്കാരന്‍ ചികിത്സ തേടി ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടയിലാണ് നയാബസാറില്‍ വച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വടിവാള്‍ വീശി വധഭീഷണി മുഴക്കിയതെന്നു പരാതിയില്‍ പറഞ്ഞു.







