കണ്ണൂര്‍: കണ്ണൂര്‍, മാലൂരില്‍ പന്നി ശല്യം തടയാന്‍ വച്ച കെണിയില്‍ പുലി കുടുങ്ങി. മാലൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് പുലി കുടുങ്ങിയത്. കെപിആര്‍ നഗര്‍ സ്വദേശിയായ രാമകൃഷ്ണന്റെ തോട്ടമാണിത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. അരയില്‍ കമ്പി കുരുങ്ങിയ നിലയിലായിരുന്നു പുലി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ഇതോടെ പുലി പ്രകോപിതനാവുകയും ചാടുകയും ചെയ്തു. ഇത് കുടുക്ക് കൂടുതല്‍ മുറുകുന്നതിനിടയാക്കി.
പിന്നീട് വെറ്റിനറി സര്‍ജന്‍ ഡോ. ഏലിയാസ് റാവുത്തല്‍ സ്ഥലത്തെത്തി മയക്കുവെടി വച്ചു. പുലിയെ വയനാട്ടിലേക്ക് കൊണ്ടു പോകാനാണ് അധികൃതരുടെ തീരുമാനം.








