കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഏഴു വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. എന്‍മകജെ ,മൈരെ വില്ലേജിലെ ബിസ്മില്ലാ മന്‍സിലില്‍ എം ഇബ്രാഹിമി(54)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് കെ. സന്തോഷ് കുമാര്‍ ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 4 മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ജെ.ജെ ആക്ട് പ്രകാരം രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
2022 നവംബര്‍ 16ന് വൈകുന്നേരം മൂന്നു മണിക്കാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്‌കൂളിലെ എന്‍സിസി മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് അന്നത്തെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആയിരുന്ന എം വി . വിഷ്ണു പ്രസാദാണ്. വനിതാ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എംപി ശരണ്യയാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എകെ പ്രിയ ഹാജരായി.







