ഇടുക്കി: തൊടുപുഴയിൽ മകൻ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടവെട്ടി മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ലിജോയെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് ജില്ലയിൽ വീണ്ടും അരും കൊല.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്യുന്ന റെയ്ച്ചൽ വെള്ളിയാഴ്ചയാണ് തൊടുപുഴയിലെത്തിയത്. സഹോദരന്റെ വീട്ടിലായിരുന്നു താമസം. ധ്യാനത്തിന് പോകുന്നതിനുമുമ്പ് മകനെ കാണാനായി കഴിഞ്ഞദിവസം ലിജോ താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മകനുമായി തർക്കമുണ്ടായി. തർക്കത്തിനിടെ റെയ്ച്ചലിന്റെ തലയ്ക്ക് പട്ടികകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ അവിടെനിന്ന് ഇറങ്ങിപ്പോയി. ലിജോ ഓടിപ്പോകുന്നത് കണ്ട അയൽവാസി ചെന്നുനോക്കിയപ്പോഴാണ് റെയ്ച്ചലിനെ മരിച്ചനിലയിൽ കണ്ടത്. വീടിന്റെ പിന്നാമ്പുറത്ത് തല പൊട്ടി ചോരവാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു റേച്ചലിന്റെ മൃതദേഹം. ഉടൻതന്നെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ തിരച്ചിലിൽ ലിജോയെ തൊടുപുഴയ്ക്ക് സമീപത്തുനിന്ന് പിടികൂടി. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
കൊലപാതകത്തിനിടയായ കാരണം എന്തെന്ന് വ്യക്തമല്ല. ഇടക്ക് വീട്ടിൽ മാതാവും മകനും തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നുണ്ട്. ലിജോയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സംശയമുണ്ട്. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








