കാസര്‍കോട്: വീട്ടിലെ ടെലിവിഷന്‍ തകരാറിലായ മനോവിഷമത്തിലാണെന്നു പറയുന്നു, വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65)വാണ് മരിച്ചത്. ഇന്ന് (ബുധന്‍) രാവിലെയാണ് സംഭവം.
ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു സാവിത്രി. മകൻ ഗുരുപ്രസാദ് പ്രഭു ഇന്നു രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മാതാവിനെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലെ ഫൈബര്‍ കസേരയില്‍ ഇരുന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെയെടുത്ത് ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ആറുമണിക്ക് ഉറങ്ങി എഴുന്നേല്‍ക്കുന്ന സ്വഭാവക്കാരിയാണ് സാവിത്രിയെന്ന് മകന്‍ ഗുരുപ്രസാദ് പറഞ്ഞു. എഴുന്നേറ്റ ഉടന്‍ ടി വി കാണാന്‍ തുടങ്ങും. ഇന്നലെ ടി വി തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ കൊണ്ടു പോയിരുന്നു. ഇന്നു തകരാര്‍ പരിഹരിച്ച ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വീട്ടിൽ ടി വി ഇല്ലാത്തതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു മാതാവെന്നും മകന്‍ അറിയിച്ചു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സംഗീത പൈ മകളാണ്. മരുമക്കള്‍: പുഷ്പാവതി, ഗുരുപ്രസാദ് പൈ. സഹോദരങ്ങള്‍:പ്രഭാനായക്, രേവതി പൈ, ഉദയ കുമാരി, ജയശ്രീ കിണി, കേസരി പ്രഭു.







